രണ്ടു പൂമരങ്ങൾ
[This is a small satirical poem that I've written in reaction to Benyamin's comment on the picture of Divya Ma'am hugging Radhakrishnan Sir.]
മുസാണ്ടപ്പൂവും നന്ത്യാർവട്ടവും |
രണ്ട് പൂമരങ്ങൾ.
ആ വീട്ടുമുറ്റത്തു രണ്ടു പൂമരങ്ങൾ ഉണ്ടായിരുന്നു,
പരസ്പരം കെട്ടിപ്പിണഞ്ഞു കിടക്കുന്ന രണ്ടെണ്ണം.
നീ എന്നോ ഞാൻ എന്നോ തിരിച്ചറിയാൻ പറ്റാതെ, അത്രമേൽ,
സ്നേഹത്താൽ കെട്ടിപ്പിണഞ്ഞു നിക്കുന്ന രണ്ട് പൂമരങ്ങൾ.
ഒന്നാമത്തേതിന്റെ പൂക്കൾ ചുവന്നതായിരുന്നു.
അതിന്റെ ഇതളുകൾ ചുമന്നു തുടുത്തു,
മനുഷ്യന്റെ ചെവി പോലെ തോന്നിക്കുമായിരുന്നു.
രണ്ടാമത്തെ, പൂമരത്തിലാകട്ടെ, നിറയെ വെള്ള നിറത്തിലുള്ള,
കുഞ്ഞു കുഞ്ഞു പൂക്കൾ.
അതിന്റെ ഇതളുകൾ ഒത്തുചേർന്ന്,
കുഞ്ഞു നക്ഷത്രങ്ങളെക്കണക്ക് മരം നിറയെ പൂത്തു നിപ്പുണ്ടായിരുന്നു.
അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിച് അവ രണ്ടും,
തിരിച്ചറിയാൻ പറ്റാത്തത്ര വിധം ഒന്നായി തീർന്നിരുന്നു.
ഒന്നും ഒന്നും ഒത്തു ചേരുമ്പോൾ വീണ്ടുമൊരാന്നായി തീരുന്ന പോലുളള, സ്നേഹത്തിന്റെ അപൂർവ മാന്ത്രികത.
ചെമന്ന ചെവികണക്കെയുള്ള മുസാണ്ടപ്പൂവിന്റെയും,
വെള്ള നിറത്തിൽ കുഞ്ഞു നക്ഷത്രങ്ങളെക്കണക്ക് വിരിഞ്ഞു നിക്കുന്ന നന്ത്യാർവട്ടത്തിന്റെയും ആശ്ലേഷത്തെ കണ്ട,
വലിയൊരെഴുത്തുകാരൻ ഒരു ശുദ്ധ മണ്ടത്തരം പുലമ്പി.
വെളുത്ത നന്ത്യാർവട്ടം ചുമന്ന മുസാണ്ടപ്പൂവിനെ കെട്ടിപ്പിടിക്കുന്നത്,
നന്ത്യാർ വട്ടത്തിന്റെ വലിയ മനസ്സെത്രെ !
അതെന്താവോ അങ്ങനെ പറഞ്ഞെ,
എന്താ ഒരു പൂവിനു മറ്റൊരു പൂവിനെ കെട്ടിപ്പിടിച്ചു കൂടെ ?
ഏതായാലും, മണ്ടനെഴുത്തുകാരന്റെ, കമന്റൊന്നും വകവയ്ക്കാതെ,
നന്ത്യാർവട്ടവും മുസാണ്ടപ്പൂവും കൂടുതൽ കെട്ടിപ്പിടിച്ചു കൊണ്ടേയിരിക്കും.
അല്ലേലും, കെട്ടിപ്പിടിക്കുമ്പോ ഏത് പൂവാ സ്വന്തം നിറത്തെപ്പറ്റിയും,
ജാതിയെപ്പറ്റിയും, കുലമഹിമയെപ്പറ്റിയും ഒക്കെ ചിന്തിക്ക്യാ...?
ഏതായാലും, രണ്ടു പൂമരങ്ങൾക്കും കെട്ടിപ്പിടിക്കാൻ ഒരേ ഒരു കണക്റ്റിംഗ് ഫോഴ്സേ ഉണ്ടായിരുന്നുള്ളൂ,
അവർ അതിനെ 'സ്നേഹമെ'ന്നു വാത്സല്യത്തോടെ പേരിട്ടു വിളിച്ചു.
********
PC :- Mathrubhumi.com
Comments
Post a Comment